LATEST FROM OUR BLOG

. . .

August 09, 2017


മാനവിക മൂല്യങ്ങളെ തിരസ്കരിക്കുന്ന ആധുനിക വിദ്യാഭ്യാസം 'ജോബ് ഹണ്ടേർ' സിനെ മാത്രമാണ് ഉത്പാദിപ്പിക്കുക  എന്ന് ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായായിരുന്ന  മൗലാനാ അബുൽ കലാം ആസാദ് പറയുന്നത് സ്വാതന്ത്ര്യ സമര കാലത്തണ്.
1800 കളുടെ തുടക്കത്തിൽ കടൽ കടന്നെത്തിയ മെക്കാളെ പ്രഭുവാണ് നമ്മുടെ നിലവിലുള്ള ആധുനിക വിദ്യാഭ്യാസസമ്പ്രദായത്തിന്റെ  പിതാവ്, വില്ല്യം ബെന്റിക് പ്രഭു  ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന കാലഘട്ടത്തിലാണ് മെക്കാളയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ വിത്ത് പാകുന്നത്, പക്ഷെ അതത്ര സ്വാദ്ദേശപരമായിരുന്നില്ല. ബ്രിട്ടീഷുകാരനോട് ,അവന്റെ രാഷ്ട്രത്തോട് , അവന്റെ സംസകാരത്തോട്, വിധേയത്വമുള്ള  ഒരു തലമുറയെ സൃഷ്ടിക്കുക  എന്നതായിരുന്നു മെക്കാളെ പ്രഭുവിന്റെ ലക്ഷ്യം ..

        പറഞ്ഞു വരുന്നത് മൂല്യങ്ങൾ നഷ്ടപ്പെട്ട നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ മേഖലയെ  കുറിച്ചാണ്. നാല്പതുകളിൽ അബുൽ കലാം  ആസാദ് പറഞ്ഞു തുടങ്ങിയേടത്ത് നിന്ന് പിന്നെയും പിന്നെയും പിറകോട്ട് പോയിരിക്കുന്നു നമ്മുടെ വിദ്യാഭ്യാസ മേഖല. അക്ഷരാർത്ഥത്തിൽ കമ്പോള സംസ്‍കാരം നമ്മുടെ വിദ്യാഭാസ മേഖലയെ കാർന്ന് തിന്നു കൊണ്ടിരിക്കുന്നതിന്റെ എത്രെയെത്രയോ സാക്ഷ്യങ്ങൾ നമുക്ക് ചുറ്റും ഉയർന്നു കേള്‍ക്കുന്നു . സമകാലിക കേരളത്തെ പിടിച്ചുലച്ച ഒരു മരണമാണ് ജിഷ്ണു പ്രണോയ് എന്ന എൻജിനീയറിങ് വിദ്യാർത്തിയുടേത് ,തൃശൂർ പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥിയായ ജിഷ്ണു കഴിഞ്ഞ ജനുവരി മാസം കോളേജില്‍ വെച്ച്  ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത് പൊതു സമൂഹത്തോട്വിളിച്ചു പറയുന്നത്  നമ്മുടെ കലാലയങ്ങളുടെ ഇടനാഴികളിൽ നടന്നുകൊണ്ടിരിക്കുന്ന  സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ് .

എന്തിനാണ് ജിഷ്ണു കൊല്ലപ്പെട്ടത്...? ,
ആരാണവനെ മരണത്തിലേക്ക് വലിച്ചെറിഞ്ഞത്...?
ആർക്കു വേണ്ടിയാണവൻ കൊല്ലപ്പെട്ടത്...?
എങ്ങനെയാണ് നമ്മുടെ കലാലയങ്ങൾ വേതാള നഗരം പോലെ അന്ധകാരത്തിലമാർന്നത്...?
ഈ ചോദ്യങ്ങളിലേക്ക്  കാത്  കൂർപ്പിച്ചാൽ വിരലുകൾ നമ്മളിലേക്ക് ചൂണ്ടപ്പെടും ഉത്തരങ്ങളായി
അതെ നമ്മൾ തന്നെയാണ് ഉത്തരാവാദികൾ..,നമ്മുടെ നിസ്സംഗതയാണ് നമ്മുടെ നിഷ്ക്രിയത്വമാണ്  എല്ലാറ്റിനും കാരണം .

ചൈനീസ് സാഹിത്യകാരനായ ലൂഷറിന്റെ ഒരു കവിതയുണ്ട് ,ഒരു പ്രൈമറി സ്‌കൂൾ വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയാണ് , 'സർ എങ്ങനെയാണ് ഒരഭിപ്രായം പ്രകടിപ്പിക്കുക’ എന്ന് , ഇതിനു മറുപടിയായി ആ അധ്യാപകൻ അവർക്കൊരു കഥ പറഞ്ഞു കൊടുക്കുകയാണ് ,കഥയിങ്ങനെയാണ്.ഒരിടത്ത് ഒരു വീട്ടിൽ ഒരു കുഞ്ഞ് പിറന്നു ,ആ കുഞ്ഞിനെ കാണാൻ ബന്ധുക്കളും മറ്റും വന്നു,അതിഥികളില്‍ ഒരാൾ കുഞ്ഞിനെ പ്രശംസിച്ച് കൊണ്ട് പറഞ്ഞു ,ഈ കുഞ്ഞ് വളർന്ന് വലിയ ധനികനാവും, സന്തുഷ്ടരായ വീട്ടുക്കാർ അവർക്ക് സമ്മാനങ്ങൾ നൽകി,
മറ്റൊരാൾ പറഞ്ഞു ‘ഈ കുഞ്ഞ് വലിയ ഉദ്യോഗസ്ഥനാകുമെന്ന് ‘,അതും വീട്ടുകാരെ സന്തോഷിപ്പിച്ചു അയാൾക്കുമവർ ധാരാളം സമ്മാനങ്ങൾ നൽകി,
മൂന്നാമതൊരാൾ പറഞ്ഞു 'ഈ കുഞ്ഞ് മരിക്കും ' ദേഷ്യം വന്ന വീട്ടുകാർ അയാളെ മർദിച്ചു ,സത്യത്തിൽ ആദ്യത്തെ രണ്ട് അതിഥികളും പറഞ്ഞത് ഒരിക്കലും സംഭവിക്കണമെന്നില്ലാത്ത കേവല പ്രശംസ മാത്രമാണ് എന്നാൽ മൂന്നാമത്തെയാൾ പറഞ്ഞത് അനിവാര്യമായ ഒരു യാഥാർഥ്യമാണ് ,എന്നാൽ സത്യം പറഞ്ഞ അയാൾക്ക് ലഭിച്ചത് മർദനമാണ് ,അദ്യാപകൻ പറഞ്ഞു നിർത്തി. അപ്പോൾ ആ വിദ്യാർത്ഥി വീണ്ടും ചോദിച്ചു ,'സർ എനിക്ക് നുണകൾ പറയണമെന്നില്ല ,എന്നാൽ തല്ലു കൊള്ളരുതെന്നുമുണ്ട് ,ഞാനെന്തു ചെയ്യും സർ  ...?.  അദ്യാപകൻ മറുപടി പറഞ്ഞു  അത്തരം സന്ദർഭങ്ങളിൽ നിങ്ങള്‍ ' ഓ ..ഹ ഹ ഹ ...' എന്നിങ്ങനെ പറഞ്ഞാൽ മതിയെന്ന് …

ഇന്നത്തെ വിദ്യാർത്ഥി അനുഭവിക്കുന്ന ആത്മസംഘർഷങ്ങളെ അടയാളപ്പെടുത്തുന്നുണ്ട് ഈ കഥ ,സത്യം പറയാൻ അവനു പേടിയാണ് ക്യാമ്പസുകളിൽ നടക്കുന്ന അനീതിക്കെതിരെ,അവകാശ ലംഘനങ്ങള്‍ക്കെതിരെ,അന്യായങ്ങൾക്കെതിരെ പ്രതികരിച്ചാൽ അവനെ കാത്തിരിക്കുന്നത് ഇടിമുറികളാണ് ,ഒന്ന് ചിരിച്ചതിന് ,മലയാളം സംസാരിച്ചതിന്, അണ്ണാക്കിൽ കെട്ടിയ ടൈ ഒന്ന് വലത്തോട്ടോ ഇടത്തോട്ടോ ചരിഞ്ഞതിന്, ബ്രായുടെ വള്ളി കണ്ടതിന്, താടി രോമങ്ങളുടെ നീളം കൂടിയതിന്, അങ്ങനെ മുതലാളിക്ക്  തോന്നിയതിനെല്ലാം ചുങ്കം പിരിക്കുന്ന നാണം കെട്ട ഏര്‍പ്പാടിനെതിരെ  അവനൊന്ന് ശബ്‌ദിച്ചാൽ അവൻ   നേരിടേണ്ടി വരിക കോട്ടിട്ട ഗുണ്ടകളുടെ കൊടിയ പീഢനങ്ങളാണ്.
ജിഷ്ണുവിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്  ,കേരളത്തിന്റെ സാങ്കേതിക സർവകലാശാലയുടെ കെടുകാര്യസ്ഥതക്കെതിരെ ,താൻ പഠിക്കുന്ന കോളേജിൽ നടക്കുന്ന അനീതികൾക്കെതിരെ അണിയറയിൽ ചരട് വലികല്‍ നടത്തിയതിന് ജിഷ്ണു നൽക്കണ്ടി വന്നത് സ്വന്തം ജീവനാണ്.


ജിഷ്ണുവിന്റെ  മരണത്തോടു കൂടി കേരളത്തിലെ സ്വാശ്രയ എൻജിനീയറിങ് കോളേജുകളുടെ മതില്‍ കെട്ടിനുള്ളില്‍ നടമാടിക്കൊണ്ടിരിക്കുന്ന പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ ഉയർന്നു കേൾക്കുന്നു . മുതലാളിക്ക് പണമുണ്ടാക്കാൻ എന്ത് വഴിയും സ്വീകരിക്കാമെന്ന് സ്ഥിതി വന്നിരിക്കുന്നു ,അച്ചടക്കത്തിന്റെ പേര് പറഞ്ഞ്  കടുത്ത മനുഷ്യാവാകാശ ലംഘനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. മേൽ പ്രസ്താവിച്ച നെഹ്‌റു കോളേജിന്റെ കാര്യം തന്നെയെടുക്കാം ,ഐഡി കാർഡ് ഇട്ടില്ലെങ്കിൽ ഫൈൻ ,ക്ലാസ്സിൽ വെച്ച് ഭക്ഷണം കഴിച്ചാൽ ഫൈൻ,ഷേവ് ചെയ്തില്ലെങ്കിൽ എക്സാം പോലും നിഷേധിക്കുന്ന അവസ്ഥ ,എന്തിനേറെ കോളേജിനകത്ത് രാഷ്ട്രീയം പാടില്ലെന്ന് തിട്ടൂരമിറക്കുന്ന മാനേജ്‌മെന്റുകളെ നാം കണ്ടിട്ടണ്ട് . എന്നാൽ കോളേജിന്റെ മതിൽകെട്ടിനു പുറത്ത് പോലും തങ്ങളുടെ ഒരു വിദ്യാര്‍ത്ഥി ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയത്തിലിടപെടാൻ പാടില്ലെന്നും, അങ്ങനെ സംഭവിച്ചാൽ  അച്ചടക്ക നടപടി സ്വീകരിക്കുമെന്നും  പറയുന്നതിനെ എന്താണ് നമ്മൾ വിളിക്കേണ്ടത്,ധാർഷ്ട്യം എന്ന് പറഞ്ഞാൽ അത് ചെറുതായിപ്പോകും . അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനം ,രാജ്യത്തിന്റെ ഭരണഘടനെപ്പോലും വെല്ലു വിളിക്കാൻ കൃഷ്ണദാസുമാർക്ക് ആരാണധികാരം നൽകിയത്..? ,ജവഹർ ലാലിന്റെ നാമധേയത്തിലുള്ള ഒരു സ്ഥാപനത്തിലാണ് ഇവ്വിധം ഭരണഘടനാ ലംഘനം നടക്കുന്നതെന്നോർക്കണം ....


ഇത് കേവലം ഒരു നെഹ്‌റു കോളേജിന്റെ മാത്രം ചിത്രമല്ല ,മറിച്ച് കേരളത്തിലെ മിക്ക സ്വാശ്രയ കോളേജുകളുടെയും അവസ്ഥ ഇത് തന്നെയാണ്. ടോംസ് കോളേജിന്റെയും ,മറ്റും വാർത്തകൾ മാധ്യമങ്ങളിലൂടെ  നാം അറിഞ്ഞതാണ് ...മുമ്പ് ഒരു പോളിടെക്നിക്  കോളേജിലെ അവസാന വർഷ മെക്കാനിക്കൽ വിദ്യാര്തഥികൾ തങ്ങളുടെ വിദ്യാർത്ഥി ജീവിതത്തിന്  പരിസമാപ്തി കുറിച്ച് കൊണ്ട് പരസ്പരം പൊടി വിതറി വിവിധ നിറങ്ങളിൽ ആറാടി, അതെ വസ്ത്രവുമായി  അങ്ങാടിയിലൂടെ നടന്നത് തങ്ങളുടെ സ്ഥാപനത്തിന്റെ അന്തസ്സിനെ ബാധിച്ചു എന്നും പറഞ്ഞ് ഫൈനും ചോദിച്ചു വന്ന ഒരു സെക്രട്ടറിയെ സ്വന്തം അനുഭവത്തിൽ അറിയാവുന്നത് കൊണ്ട് ഇതിലൊന്നും ഒട്ടും അതിശയോക്തി തോന്നാറില്ല …


പക്ഷെ എന്താണ് പരിഹാരം..?.  ഒരു ജിഷ്ണുവിന്റെ രക്തസാക്ഷിത്വത്തോട് കൂടി നമ്മൾ തിരുത്തിയോ..? ഇല്ലെന്നതാണ് വീണ്ടും വീണ്ടും സംഭവിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ നമ്മോട് വിളിച്ച് പറയുന്നത്, തെക്കന്‍ കേരളത്തിലെ ഒരു കോളേജിലെ കാന്റീനിലെ ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞതിന്റെ പേരിൽ ,കോളേജ് കാന്റീൻ ബഹിഷ്കരിച്ചു പുറത്ത് പോയി ഭക്ഷണം കഴിച്ചു തിരിച്ചു വരാൻ അല്പം താമസിച്ചതിന്റെ പേരിൽ വീട്ടിലേക്ക് വിളിച്ച് നിങ്ങളുടെ മകൻ സ്വഭാവദൂഷ്യമുള്ളവനാണെന്നും ലഹരിക്കടിമയാണെന്നും പറഞ്ഞതില്‍ മനം നൊന്ത്  ആത്മത്യക്ക് ശ്രമിച്ച വിദ്യാര്തഥിയെ കുറിച്ചുള്ള വാർത്തകളാണ് ഇക്കഴിഞ്ഞ ദിവസവും ഉയർന്നു കേൾക്കുന്നത് ,ഒരു മാറ്റവുമില്ല ആർക്കും..ഒന്നിനും..

എവിടെ പോയി നമ്മുടെ വിദ്യാർത്ഥികളുടെ പ്രതികരണ ശേഷി,  പ്രക്ഷുബ്ധമായിരുന്ന എൺപതുകളിലെ കലാലയങ്ങലുടെ  കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട് ,പക്ഷെ   പിന്നീടെവിടെ വെച്ചാണ് നമ്മുടെ കലാലയങ്ങളുടെ ജീവൻ നഷ്ടപ്പെട്ടത് ,എങ്ങനെയാണ് നമ്മുടെ പ്രബുദ്ധ സമൂഹം കുഴിച്ചു മൂടിയെന്നവകാശപ്പെട്ടിരുന്ന 'റാഗിംഗ്' സർവ്വശക്തിയയോടെ തിരിച്ചു വന്നത് ,എന്ത് കൊണ്ടാണ് എൻജിനിയറിങ് കോളേജുകളിലും മെഡിക്കൽ കോളേജുകളിലും മാത്രം റാഗിംഗ് അതിന്റെ ഏറ്റവും ഭയാനകമായ  ഭാവം കൈവരിക്കുന്നത് ,എന്ന് മുതലാണ് അരാജകത്വവും അരാഷ്ട്രീയതയും നമ്മുടെ ക്യാമ്പസുകളുടെ അടയാളങ്ങളായി മാറിയത് .....

2002ല്‍ സോജന്‍ ഫ്രാന്‍സിസ് കേസിലാണ് ഹൈക്കോടതി വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുന്ന വിധി പുറപ്പെടുവിക്കുന്നത്. അന്നതിന് മൂകസാക്ഷിയായിരുന്ന എ കെ ആന്റണി തന്നെ രണ്ട്  വർഷം മുമ്പ്  കലാലയ രാഷ്ട്രീയം  നിരോധിച്ചത് അബദ്ധമായിപ്പോയെന്ന് പശ്ചാത്തപിച്ചത് ഓർത്തു പോകുന്നു.,1959 ത്തിലെ വിമോചന സമര കാലത്ത് കെ എസ യു വിനെ  മുന്നിൽ നിന്ന് നയിച്ച് കൊണ്ടാണ് ആന്റണിയുടെ രാഷ്ട്രീയ  രംഗ പ്രവേശം. ആ ആന്റണി പോലും കലാലയ രാഷ്ട്രീയ നിരോധനമെന്ന പ്രതിലോമകരമായ തീരുമാനത്തിന് അറിഞ്ഞോ അറിയാതെയോ സാക്ഷിയായിരുന്നുവെന്നത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നമ്മുടെ പൊതുബോധത്തിന്  സംഭവിച്ച മാറ്റത്തെ സൂചിപ്പിക്കുന്നു.


കലായങ്ങളിലെ രാഷ്ട്രീയ നിരോധനമാണ് എല്ലാറ്റിനും കാരണമെന്നല്ല പറഞ്ഞു വരുന്നത് ,പക്ഷെ കലയായ രാഷ്ട്രീയ നിരോധനം സൃഷ്‌ടിച്ച അരാഷ്ട്രീയ ബോധം നമ്മുടെ നമ്മുടെ വളർന്നു വരുന്ന തലമുറയുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തിയെന്നത് ഒരു യഥാര്‍ത്ഥ്യവും പരമാർത്ഥവുമാണ് ..സ്വാതന്ത്ര്യം നേടിയിട്ട് നൂറു കൊല്ലം പോലും  തികച്ചിട്ടില്ലാത്ത ഒരു രാജ്യത്തെ നവ തലമുറയിലെ ബഹു ഭൂരിപക്ഷം  രാഷ്ട്രീയത്തെയും,അതിന്റെ സംവിധാനങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും തള്ളിപ്പറയുന്നതിനു മറ്റെന്തിനേക്കാളും ഹേതുവായിട്ടുള്ളത് കലാലയങ്ങളിലെ രാഷ്ട്രീയ നിരോധനം തന്നെയാണ് ...
നമുക്ക് വേണം എല്ലാറ്റിനോടും കലഹിക്കുന്ന ആ പഴയ വിദ്യാർത്ഥി രക്തം, സമൂഹത്തിന്റെ നീറുന്ന പ്രശ്ങ്ങളോട് നിസ്സംഗത പുലർത്താത്ത, പോരാടുന്ന ഒരു തലമുറയെ  ,ലൂഷറിന്റെ കഥയിലെ കുട്ടിയെ പോലെ തല്ല് കിട്ടുമെന്ന് പേടിച്ച് സത്യം പറയാൻ മടിക്കാത്ത  വിദ്യാർത്ഥിയെ ...
കൃഷ്ണദാസുമാരുടെയും വട്ടോളിമാരുടെയെയും ചെവിക്ക് പിടിക്കാൻ ചങ്കൂറ്റമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ ..
അപ്പോഴവസാനിക്കും മുതലാളിയുടെ കച്ചവടക്കൊതി ...
അന്നവസാനിക്കും ഐ ഡി കാർഡിലെ നമ്പർ നോക്കി മനുഷ്യൻ മനുഷ്യനെ പരിഗണിക്കുന്ന,ചൂടും ചൂരുമുള്ള ഒരു സമൂഹത്തെ വെറും നമ്പറുകളാക്കുന്ന നാണം കെട്ട കാട്ടു നീതി ....

പ്രണയം പൂത്ത വാകമരച്ചോട്ടിൽ രക്തം ചിന്തിയവരുടെ കൈത്തലങ്ങളിൽ പിടിച്ച്, അവർ തന്നെ പണിത ഇടിമുറികളുടെ ഇരുട്ടിലേക്കവരെ  വലിച്ചെറിയാൻ..
സൗഹൃദം തളിര്‍ത്ത കലാലയത്തിന്റെ  ഇടനാഴികളില്‍ ഭീതി നിറച്ച മുതലാളിയുടെ ദുരയെ അറബിക്കടലിലേക്ക് വലിച്ചെറിയാൻ …
പാവപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് കപ്പം പിരിച്ച്  കെട്ടിപ്പടുത്ത സ്വാശ്രയ സാമ്രാജ്യം തച്ചു തകർക്കാൻ ..
പുതിയ കാലത്തെ കോൺസൻട്രേഷൻ ക്യാമ്പുകളിലെ അഭിനവ ഹിറ്റലർമാർക്ക് ക്യാപിറ്റൽ പണിഷ്മെന്റ് വിധിക്കാൻ ...
ഉത്തരാധുനിക കാലത്തിന്റെ വിദ്യാർത്ഥി സമൂഹമേ ..കളഞ്ഞു പോയ നിന്റെ പ്രതികരണ ശേഷി വീണ്ടെടുക്കുക ..പോരാടുക ..!

April 17, 2016

സുഹൈൽ പറമ്പൻ 
പരവൂരിൽ വെടിക്കട്ടപകടത്തിൽ  ചിന്നി ചിതറിയ മനുഷ്യ ദേഹങ്ങളിലേക്ക് സൂം ചെയ്ത അതെ ക്യാമക്കണ്ണുകൾ(മനുഷ്യന്റെയും) ഒരാഴ്ച്ചക്കിപ്പുറം  തൃശ്ശൂരിന്റെ ആകാശത്തെ വെടിക്കെട്ട് കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുന്നത് കാണുമ്പോൾ ഉള്ളിന്റെയുള്ളിലെവിടെയോ ഒരാന്തലുണ്ടാകുന്നു..
അല്ലയോ ആദം സന്തതികളെ നാം നിങ്ങളെ ബഹുമാനിച്ചിരിക്കുന്നുവെന്ന വിശുദ്ധ ഖുർആനിന്റെ  പ്രഖ്യാപനം  ഓർത്ത് പോകുന്നു  ...
സൃഷ്‌ടിച്ച നാഥന്റെ പോലും ബഹുമാനത്തിനു പാത്രമാകുമാറ്  ഉന്നതമാണ് മനുഷ്യന്റെ അവസ്ഥ എന്ന കാഴ്ചപ്പാടിൽ തന്നെയാണ് കാലമിത്രയും കവിതയും കഥയും ഗദ്യവും പദ്യവും ,വേദങ്ങളും ഉപനിഷത്തുകളും ,സാഹിത്യവും കലയും ,തത്വവും  തത്വ  ശാസ്ത്രവും എല്ലാം ഊന്നി നിന്നത്,അങ്ങന തന്നെയാണ്‌ ഹൃദയം കൊണ്ട് സംസാരിച്ചവരെല്ലം ഇന്നേ വരെ പറഞ്ഞു തന്നിട്ടുള്ളതും ...

ഒരു പക്ഷെ പലതും  വെട്ടി പിടിക്കാൻ  നീട്ടിപിടിച്ച കൈകളുമായുള്ള മനുഷ്യന്റെയീ  പ്രായാണത്തിനടയിൽ അവന്റെ കൈകളില നിന്നൂർന്ന് വീണ സുകൃതങ്ങളിൽ അവസാനത്തെതായിരിക്കാം മനുഷ്യത്വം എന്ന്  പിന്നെയും പിന്നെയും ഓർമിപ്പിക്കുന്നു ഒരു ദുരന്തത്തിന്റെ ചൂടാറും മുന്നെ  , നൂറു കണക്കിന് മൃദദേഹങ്ങൾ കണ്ടു നില തെറ്റിയ കുഞ്ഞുങ്ങളുടെ,അമ്മമാരുടെ ,..
കർണകഠോര ശബ്ദം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത ആയിരക്കണക്കിന് മനുഷ്യ ജന്മങ്ങളുടെ നെടുവീർപ്പുകൾ കെട്ടടങ്ങും മുമ്പ് ,...
തിരി കൊളുത്താൻ ,ആരവം മുഴക്കാൻ ,കണ്ടു രസിക്കാൻ കാണിക്കുന്ന മനുഷ്യന്റെയാ ചങ്കൂറ്റം ....

എല്ലാറ്റിനോടുമുള്ള  മനുഷ്യന്റെ മനോഭാവത്തിൽ വന്ന മാറ്റം അത്ഭുതകരമാണ് ..
കടലിനോട്  കരയോട് , മണ്ണിനോട് വിണ്ണിനോട്, പൂക്കളോട് പുഴകളോടു   പുഴുക്കളോടു , എല്ലാറ്റിനോടും മര്യാദ വിട്ട് പെരുമാറിയ മാനവൻ ഇപ്പോളിതാ   സ്വ സമൂഹ  ത്തോടും സമൂഹങ്ങളോടുമുള്ള അവന്റെ എല്ലാ ഔപചാരിതകളും ഉപചാരങ്ങളും കൈവിട്ടു അവനവനിലേക്ക് ചുരുങ്ങുന്നു. ...
ആത്മാനുരാഗത്തിന്റെ വല്ലാത്ത കാലം....
ഒടുവിലവൻ സ്വന്തത്തോടു തന്നെ യുദ്ധം പ്രഖ്യാപിക്കുന്ന കാലം വിദൂരമല്ല. .
നെഞ്ചിൻകൂട്ടിലെ അവസാനത്തെ താപവും നഷ്ടപെടുന്ന ദിനം. .
മനുഷ്യനുമായി ബന്ധപെട്ട സകല കാര്യങ്ങൾക്കും ഒരു ഹൃദയത്തിന്റെ വശവും ബുദ്ധിയുടെ വശവുമുണ്ട് ...
മാനവികതയുടെ,മനുഷ്യത്വത്തിന്റെ,മാനവരാശിയുടെ തന്നെ നിലനില്‍പ്പ്  ഹൃദയത്തിന്റെ വശവുമായി ചേര്‍ന്ന് നിൽക്കുന്നു....

അബ്ദു സമദ് സമദാനിയുടെ
പ്രഭാഷണങ്ങളിൽ പലപ്പോഴുംഅദ്ദേഹം പറയാറുണ്ട്
ബുദ്ധിയുടെ ഗണിതത്തിലല്ല
ഹൃദയത്തിന്റെ കവിതയിലാണ് ലോകത്തിനറെ നില നിൽപെന്ന്. ..
കലാലയങ്ങൾ പോലും ഹൃദയത്തെ പടിക്കു പുറത്ത് നിർത്തുന്ന ,നീ നിന്റെ ഹൃദയത്തെ പുറത്ത് വെച്ച് തലച്ചോറുമായി മാത്രം കലാലയ കവാടം കടക്കുക എന്നു പറയുന്ന  ..
രാഷ്ട്രീയത്തെ, രാഷ്ട്രീയ ബോധത്തെ കലയെ സാഹിത്യത്തെ, എല്ലാ സർഗാത്മക വിചാരങ്ങളെയും പ്രഫഷണലിസത്തിന്റെ പേര് പറഞ്ഞു പടിക്ക് പുറത്തു നിർത്തുന്ന ഈ കാലത്ത് കൂടുതൽ പ്രതീക്ഷിക്കുന്നത് തെറ്റ്. ...
പൂരം പൂത്തുലയട്ടെ....

November 05, 2015

സുഹൈൽ പറമ്പൻ
മലപ്പുറത്ത് ലീഗിന്റെ നെഞ്ചത്ത് ഒട്ടിപ്പോ സ്റ്റിക്കറൊട്ടിക്കാൻ അഹോരാത്രം അദ്ധ്വാനിച്ച സഖാകളെ ലാൽ സലാം ..... 
ഇനി നീ പോയി ഒരു കട്ടൻ ചായയും ,പരിപ്പുവടയും കഴിച്ച് രതിമൂർഛ അനുഭവിക്കുക .. 
വിഭജനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയുടെ ഊഷരതയിൽ വറ്റിയ അണ്ണാക്കുമായി വിറങ്ങലിച്ചു നിന്ന ഒരു സമുദായത്തിന്റെ ഇട നെഞ്ചിലേക്ക് ഒരിളം തെന്നലായ് പെയ്തിറങ്ങിയ ലീഗ് .. 
പിറന്ന നാൾ മുതൽ ചവിട്ടിത്താഴ്ത്താൻ മത്സരിച്ച എതിരാളികളുടെ ഖൽബിലേക്ക് കനൽ കോരിയിയിട്ട് ഒരു നാദമയ്, ഇടി നാദമായ് തകർത്ത് പെയ്ത ലീഗ് ..
മാറി മാറി വന്ന രാഷ്ട്രീയ കാലവർഷത്തതിന്റെ കാലുഷ്യതയിൽ അടിച്ചു വീശിയ കൊറ്റുങ്കാറ്റിനിടയിൽ ..
ആർത്തിരമ്പിയെത്തിയ മലവെള്ളപ്പാച്ചിലിൽ തകരാതെ തളരാതെ ഒരു മാമല കണക്കെ ഉറച്ചു നിന്ന ലീഗ് .. 
ഒടുവിൽ ലീഗ് പെയ്തിറങ്ങിയപ്പോൾ .. 
ഹരിത രാഷ്ട്രീയത്തിന്റെ ജല കണങ്ങൾ നിന്റെയൊക്കെ കൂടാരത്തിലേക്ക് ഊർന്നിറങ്ങിയപ്പോൾ ,വിപ്ലവം തേച്ച മതിൽകെട്ടുകളിൽ വിള്ളൽ വീണപ്പോൾ ..കേവലം ഒരു 'കടലാസ്' തിരുകി ചോർച്ച തടയാമെന്ന് കരുതിയ സഖാവേ നീയാണ് വിഡ്ഢി ..മോന്തായത്തിലെ ചോർച്ച തടയാൻ കടലാസ് കഷണങ്ങളുമായി ഓടി നടക്കുമ്പോഴും നീ അറിയുന്നില്ല സഖാവേ കാൽ കീഴിലെ മണ്ണൊലിച്ചു പോകുന്നത് .. 
മോത്തിലാൽ നെഹ്രുവിന്റെ മോന്റെ മുന്നില് ചൂളാത്ത ആർജ്ജവത്തെ നാലു മടക്കി ഒരു കഷണം 'സെല്ലോ ടേപ്പ്' കൊണ്ട് ഒട്ടിച്ചു വെച്ചാൽ പിന്നെ മലബാറ്  നിന്റെതെന്ന് കാണാകിനാ കാണുന്ന വിഡ്ഢീ നിന്നെ ഞാനെന്ത് വിളിക്കണം... 
സഖാവെന്നോ..? 
സുഡാപിയെന്നോ ...? 
മൗദൂദിയെന്നൊ ..? 
സാമ്പാർ ഗാന്ധിയെന്നോ ..?

:സുഹൈൽ പറമ്പൻ

November 04, 2015

അതാണ് ...
ബസ് വെയ്റ്റിങ്ങ് ഷെഡ്‌ ഉണ്ടാക്കലും ,ആഴ്ച തോറും കല്ല്യാണം കൂടലും ,വെളുക്കെ ചിരിയുമല്ല പാർലമെന്റരി രാഷ്ട്രീയം എന്ന പാഠം പകർന്നു തന്ന നേതാവ്,രാഷ്ട്രീയ പ്രവർത്തകർ പരസ്പരം കള്ളക്കഥകൾ പ്രചരിപ്പിച്ചും ,ചെളി വാരിയെറിഞ്ഞും അർമാദിക്കുന്ന ഇതേ നേരത്ത് ബനാത്ത് വാലാ സാഹിബിനെക്കുറിച്ചുള്ള   ടി.എന്‍ ഗോപകുമാർ സാറിന്റെ കുറിപ്പ് വായിക്കുമ്പോൾ ഒരു തരം രോമാഞ്ചമാണ്  ,അല്ലെങ്കിലും ബനാത്ത് വാലയെ ഓർക്കുമ്പോൾ എങ്ങനെയാണ് പുളകം കൊള്ളാതിരിക്കുക ..
ആണ്ട് തോറും തുലാ മാസം മലബാറിൽ  മുളച്ചു പൊന്തുന്ന സമുദായ സംരക്ഷക പ്രസഥാനങ്ങളുടെ  (എസ എൽ വി എന്ന് അറിയപ്പെടാറുണ്ട് ) ക്ലീഷേ ചോദ്യമുണ്ടല്ലോ ലീഗെന്ത് ചെയ്തു. ..ആ ചോദ്യം നീ പുരപ്പുറത്ത് കയറി നിന്ന് ചോദിക്കുമ്പോൾ തേഞ്ഞിപ്പാലത്തെ യൂനിവേർസിറ്റിക്കു നേരെ വിറൽ  ചൂണ്ടേണ്ട ലീഗുകാരന്...,ഫാറൂക് കോളേജിനെ കുറിച്ചും,ജില്ലയെ കുറിച്ചും കഥ പറയേണ്ട ലീഗുകാരന് ,ആറര പതിറ്റാണ്ടിനിടക്ക് സമുദായത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപെട്ടപ്പോഴൊക്കെ മുന്നിൽ  നിന്ന് നയിച്ച്, എതിരാളികളെ ധിഷണ കൊണ്ട്,പ്രതിഭ കൊണ്ട് നേരിട്ട   ബനാത് വാലാ സാഹിബിനെപ്പോലെ എണ്ണം പറഞ്ഞ സിംഹക്കുട്ടികളുടെ  പോരിശ പറയാൻ തന്നെയുണ്ട്  ഞങ്ങൾക്ക് ധാരാളം ,ലീഗ് സമുദായത്തിനു നല്കിയത് ഇവരെയാണ് ..
ബനാത്ത് വാലയെയാണ്.....
പോക്കർ  സാഹിബിനെയാണ് ...
ഖാഇദെ മില്ലതിനെയാണ്....
കെ എം സീതിയെയാണ് ..
ഉപ്പി സാഹിബിനെയാണ് ...
സി എച്ചിനെയാണ് ...
സുലൈമാൻ സേട്ടിനെയാണ്...അങ്ങനെയങ്ങനെ
കഴിഞ്ഞു പോയ തലമുറകൾക്ക് തെറ്റ് പറ്റിയിരുന്നില്ല ..
കാച്ചി യുടുത്ത ഉമ്മമാരും കള്ളിമുണ്ടുടുത്ത ഉപ്പമാരും പിന്തുണച്ചത് ഇവരെയാണ് ..;പൂർവികരുടെ രാഷ്ട്രീയ ബോധത്തിന്റെ കാൽ ശതമാനമെങ്കിലും പുതിയ തലമുറക്ക് കിട്ടിയിരുന്നെങ്കിൽ ..
കടപ്പാട് :എഷ്യാനെറ്റ്
 പ്രകോപനം മറ്റൊന്നുമല്ല,മുല്ലമാരും മൌലവിമാരും വാട്സപ്പിലൂടെയും ,ഫെസ്ബുക്കിലൂറെയും ഫത്വ കൊടുക്കുന്ന കാലമാണല്ലോ,,ഇക്കഴിഞ്ഞ ദിവസങ്ങളിലും കേട്ടു ചില ഫത്വകൾ,
പള്ളികളിൽ വെച്ചും മറ്റ് മത സ്ഥാപനങ്ങളിൽ വച്ചും പാത്തും പതുങ്ങിയും കണ്‍വെൻഷൻ നത്തുന്നത് തിരഞ്ഞെടുപ്പ് കാലത്ത് മലബാറിൽ  കാണുന്ന ഒരു പ്രതിഭാസമാണ് ഇത്തരമൊരു  യോഗത്തിൽ
ഭാവിയിലെ വലിയ എൽ സി ഡി പ്രഭാഷകരാകേണ്ട കൊറേ മോയ്ലാരുട്ട്യോളും  ,വലിയ ചില അഹ്സനിമാാരും വേങ്ങരയിലെ ഒരു സ്ഥാപനത്തിൽ വെച്ച് ആഹ്വനിച്ചുവെത്രെ "നാലഞ്ച് വർഷത്തെ ലീഗ് ഭരണം കൊണ്ട് നമ്മുടെ മഹാനായ ഉസ്താദിനും (അള്ളാഹു അക്ബർ) ,സംഘടനക്കും കോടികളുടെ നഷ്ടമുണ്ടായി ,ഈ തിരഞ്ഞെടുപ്പിൽ ലീഗിന് വോട്ടു ചെയ്യുന്നത് ഉസ്താദിനോട്(അള്ളാഹു അക്ബർ) ചെയ്യുന്ന വലിയ ക്രൂരതയാണ്,അതിനാൽ നിങ്ങൾ ലീഗിനെ തോൽപിക്കണം ,ഈ സമുദായത്തിന്റെ ഇസ്സത്ത്‌ കാക്കാൻ ങ്ങള് നിഷയെ ജയിപ്പിക്കണം,അച്ച്വേട്ടനെ ജയിപ്പിക്കണം , "നേതൃത്വത്തിന്റെ പുര കത്തുമ്പോഴും കോടികൾ തന്നെയാണ് മുല്ലമാരുടെ  പ്രശ്നം ..കാലമെത്ര കടന്നു പോയ്‌...കാലത്തിന്റെ കുത്തൊഴുക്കിൽ എന്തെല്ലാം സംഭവിച്ചു ...സമാർട്ട്  ഫോണിലൂടെ ഏഴാം ബഹരിനക്കരെയുള്ള മോനോടു മോണ കാട്ടി ചിരിക്കു ഉമ്മമാരുടെ കാലം വന്നു ..അങ്ങനെ എന്തെല്ലാം മാറ്റങ്ങൾ  ..എന്നിട്ടും  പടച്ച റബ്ബ് ഇതുങ്ങൾക്ക് മാത്രം എന്തോ ഒന്ന് കൊടുക്കാതെ പോയല്ലോ എന്നോർക്കുമ്പോൾ എന്തോ ആകെ ഒരിദ് തോന്നുന്നു ...
ഈ വിഭാഗത്തിന്റെ എതിർ ചേരിയിലെ ഒരു ചെറിയ വിഭാഗവും സംഘടിച്ചു ,അവർക്ക് പക്ഷേ  ലീഗിനെയല്ല ,എം എസ എഫ് നേതാവ്  ടി പി അഷ്രഫലിയെയാണ് തോൽപ്പിക്കേണ്ടത്.അദ്ദേഹം ശരീഅത്ത് വിരുദ്ധനാണെ ത്രേ ..അങ്ങനെയാണ് കാര്യമെങ്കിൽ ടി പിയെ  നിയോഗിച്ച ഹൈദരലി തങ്ങളാണ്  വലിയ ശരീഅത്ത് വിരുദ്ധൻ എന്ന് വരുമെന്ന് ആലോചിക്കാൻ പോലും ശേഷിയില്ലേ ഇവർക്ക് ..രാഷ്ട്രീയത്തെ രാഷ്ട്രീയത്തിന്റെ വഴിക്ക് വിടുക ,രാഷ്ട്രീയം മതത്തിലിടപെടുമ്പോൾ പ്രതിരോധിക്കുക എന്ന കീഴ് വഴക്കത്തെ കളഞ്ഞു കുളിക്കാതിരിക്കുക .....
ടി.എന്‍ ഗോപകുമാർ എഷ്യാനെറ്റിലെഴുതിയ കുറിപ്പ് വായിക്കാം
ജി.എം ബനാത് വാലയും കെ.പി ഉണ്ണികൃഷ്ണനും

March 23, 2015

മാണി ബജറ്റും ഇ വി എസ് ക്ലാസും  തമ്മിലെ റാഡിക്കലായ ബന്ധം ..ഒരു താത്വിക അവലോകനം ...

മാണിസാർ ബജറ്റ് അവതരിപ്പിച്ച പോലെയായിരുന്നു ഇ വി എസിന്റെ (എൻവിയോണ്‍മെന്റ്റ് ആൻഡ്‌ ഡി സാസ്റ്റർ മാനേജ്മെന്റ്)   മിക്കവാറും  ക്ലാസുകളും ..കാരണം മറ്റൊന്നുമല്ല അവസാന പീരിയഡ് ആണെന്നുള്ളത് തന്നെ ...
റോയൽ മെക്കിലെ പുലികളും ,കടുവകളും സിങ്കങ്ങളുമെല്ലാം ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ നിന്നും സടകുടഞ്ഞെഴുന്നേൽക്കുന്ന നേരം,ചമ്രവട്ടത്തു നിന്നും  ,തിരൂരിൽ നിന്നുമുള്ളവർക്കൊക്കെ വീടനെ കുറിച്ചും നാടിനെ കുറിച്ചുമുള്ള   ബോധം വരുന്ന നേരം ,നീീീണ്ട ഏഴു മണിക്കൂറിലെ ആ ഒടുക്കത്തെ നേരത്ത് തന്നെ സാറ് വരും ഇ വി എസ്  ന്നും പറഞ്ഞ് .. .

പിന്നെ ബഹളമായി ഒച്ചപ്പാടായി,ബെഞ്ചിൽ കയറൽ,റബ്ബർ ബാൻഡ്  ഫൈറ്റ് ,ആങ്ങനെയങ്ങനെ സ്പീക്കറുടെ ഡയസിൽ  ... ച്ഛെ ...   റ്റീച്ചിങ്  സ്റ്റെജിൽ കയറലായി,സ്പീച്ചിംഗ് സ്റ്റാൻഡ്‌  മരിച്ചിടലായി.......
ആകെ  മൊത്തം ടോട്ടൽ ഒരു നിയമസഭാ മോഡിലേക്ക് മാറും റോയൽ മെക്ക് ആ  സമയം..

അതിനിടയിൽ സാറു  വരും മാണിസാറ് വന്നപോലെ ഒരു  കോഡ്‌ ലെസ്സ് മൈക്കും ഘടിപ്പിച്ച്....... ,

മുന്നിലെ ബഞ്ചിൽ നിന്ന് ഉണ്ണിക്കുട്ടൻ ഏതാണ്ട് ഏതോ ഒരു ആഗ്യം കാണിക്കും തൊടങ്ങിക്കോളാൻ .....
പിന്നെയൊന്നും നോക്കാനില്ല ക്ലാസിലെ കെ ടി മിറാഷുമാരുടെ (പടുകൾ ) പിന്തുണയോടു കൂടി  ദേണ്ടെ ദിപ്പോ ശരിയാക്കിത്തരാം ഒരിരുപത് മിനുട്ട് അത്രേം മതീ..ന്നും പറഞ്ഞ്  റോയൽ മെക്കിലെ ശിവൻ കുട്ടി മാരുടെയും ജയരാജൻമാരുടെയും അർമാദത്തിനിടയിൽ നൈസായിട്ടു ബജറ്റവതരിപ്പിക്കും..ഛെ ടോപിക്ക് എടുക്കും അവസാനം ലഡുവിനു പകരം വല്ല  അസൈൻമെന്റ്റോ   ,മറ്റോ  തന്ന് സാറങ്ങ്  പോകും.......

 ദിപ്പൊ  ദിതൊക്കെ  പറയാൻ ദെന്തുണ്ടായിന്നാന്നേൽ ഇന്നായിരുന്നു ഇപ്പറഞ്ഞ ഇ വി എസ് എക്സാം അപ്പൊ പ്പിന്നെ തലേന്നിരുന്ന് പഠിക്കണം ..പഠിക്കണേൽ നോട്ട് നോക്കണം... ,അങ്ങനെ നോക്കിയതിന്റെ ഹാങ്ങോവർ ഇന്ന് ആൻസർ ഷീറ്റിൽ ഡിസാസ്റ്റർ  മാനേജ്മെന്റിനെക്കുറിച്ചും ,മുല്ലപ്പെരിയാറിനെ ക്കുറിച്ചുമൊക്കെ ആ ഞ്ഞാഞ്ഞ് വെട്ടിയിട്ടും തീരാത്തത് കൊണ്ട് ഇവിടം  തീർക്കാമെന്ന് കരുതി.......
അത്ര മാത്രം സംഭവ ബഹുലമാണ് ആ നോട്ടിലെ തിയറികൾ......
 (ആരേം പറഞ്ഞിട്ട് കാര്യമില്ല ,വായിച്ചു തരുന്ന നോട്ടിൽ നമ്മുടെ കാതിലെത്തുന്നത് പകുതി വാക്കുകൾ ...അത് മെഡുല്ലഒംബ്ലാംഗട്ട വഴി  സുഷുമ്നാനാടിയും കടന്നു വിരൽ തുഞ്ചത്തെത്തുമ്പോ   പിന്നെയും  പകുതിയാകും.. പിന്നെയത് അക്ഷരങ്ങളാകുമ്പോഴേക്ക് ഏതാണ്ട് ഗൂഗിൾ ട്രാൻസിലേറ്ററിൽ നിന്ന് കിട്ടണ മലയാളം പരിഭാഷ പോലെ യായിരിക്കും ).....

March 10, 2015


 (പുതുവർഷ രാത്രി ഡയറിയിൽ  കുറിച്ചിട്ടത് )
ചുമരിൽ തൂങ്ങിയാടുന്ന ചന്ദ്രിക കലണ്ടറിന്റെ കാലാവധി  തീരാൻ നിമിഷങ്ങൾ മാത്രമവശേഷിക്കെ  ഒരു ജന്മത്തിനു കൂടിയുള്ള  തയ്യാറെടുപ്പിലാണ് കാലത്തിന്റെ ഗർഭപാത്രം..,


നാടും നഗരവും പിറക്കാൻ പോകുന്ന 2015 വരവേല്ക്കാൻ ഒരുങ്ങി നിൽക്കുമ്പോൾ ..ഇവിടെ കൈപറ്റ പുഴയുടെ ആകാശത്ത്  എല്ലാത്തിനും സാക്ഷിയായി നിൽക്കുന്ന  അമ്പിളിയോട് കഥയും പറഞ്ഞ്  ഈ മണ പ്പു ത്തിങ്ങനെയിരിക്കുമ്പോൾ  ..തൊട്ടപ്പുറത്തെ  പള്ളിക്കാട്ടിൽ പടർന്നു പന്തലിച്ച് നില്ക്കുന്ന മൈലാഞ്ചി ചെടിയെയും  തഴുകിയെത്തിയ ഇളം കാറ്റ് കൊണ്ടു വന്ന മൈലാഞ്ചിപ്പൂമണം അന്ത്യശ്വാസം വലിക്കാൻ പോകുന്ന 2014 നെ ഒർമ്മപ്പെടുത്തി ..സത്യമാണ്  2014 മരിക്കാൻ പോകുന്നു .. ലോകമൊരു  ജനനത്തിനും മരണത്തിനു മിടയിലെ നിമിഷങ്ങളിൽ വീർപ്പുമുട്ടി നിൽക്കുമ്പോൾ ഇതെല്ലാമെത്ര കണ്ടെതാണെന്ന ഭാവത്തോടെ ശാന്തമാഴൊയുകുന്ന കൈപറ്റപ്പുഴയുടെ ഓളങ്ങളിലൂടെ  2014ന്റെ  ഓർമ്മകൾ സമൃതി പഥത്തി ലേക്ക് ഒഴുകിയെത്തി .. കാലം പേറ്റുനോവനുഭവിച്ചുകൊണ്ടിരിക്കുന്നയീ  നേരം ആ ഓളങ്ങൾ എനിക്ക്  സമ്മാനിച്ചത്   ഇമ്പമുള്ള നൊമ്പരം ..ഹാാ  എന്തൊരിമ്പമാണ്  ഓർമകളുടെ കടലിരമ്പലിന് ..
...........


ഫോർട്ട്‌ കൊച്ചിയിൽ ഗോപനൊപ്പം
ഇത് കാലത്തിന് യാത്രയയപ്പും വരവേൽപ്പും ഒരുമിച്ചു നല്കേണ്ട സമയം ,ഓർമ്മപ്പുസ്തകത്തിലെ അവസാനത്തെ അധ്യായമായി ഈ നിമിഷം മാറിയ 2014നു  സന്തോഷത്തോടെ യാത്രാമൊഴി ചൊല്ലാം നമുക്ക്, എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ച വർഷമാണിത് ,സൌഹൃദാനുഭവങ്ങളുടെ  വസന്തമായി ആദ്യം കടന്നു വന്ന ആ ചൂടു കാലത്തെ കുളിരൻ ദിനങ്ങൾ ,ഇൻഡസ്ട്രിയൽ ട്രെയിനിങ്ങിനായി എറണാകുളം KAMCO യിലെ  ഞങ്ങൾ ഏഴു പേരുടെ  (അഹമ്മദ് സുഹൈൽ ,മിമോദ് ,റാഷിദ്‌ ,ഗോപലാൽ ,നിഷാദ് ,സനൂബ് ഷാ ,റോബിൻ .ബി .ജോണ്‍ )   ആ രണ്ടാഴ്ചക്കാലം ,സൌത്ത് കളമശ്ശേരി ബ്രിഡ്ജിന്റെ ഓരത്തെ ആ ഒറ്റ മുറിയിലെ ദിനര്രാത്രങ്ങൾ എങ്ങനെ മറക്കാനാകും ,പാലത്തിനു ചുവട്ടിലെ തട്ടുകടയിലെ ദോശയും ചമ്മന്തിയും ,ലുലു മാളിലെ കറക്കവും ,മറൈൻ ഡ്രൈവിലെ വായ്നോട്ടവും പിന്നെ ആ പുതുമഴയും കൊണ്ട് ഫോർട്ട്‌ കൊച്ചിയുടെ ഇട വഴികളിലൂടെ കൈ കോർത്ത്‌ പിടിച്ച് നടന്നത് , അവർണനീയമാ  അനുഭവം!!! ,ബോട്ടിൽ വെച്ചും പിന്നെ പള്ളിയിൽ വച്ചും  പരിചയപ്പെട്ട ആ രണ്ടു ഫോർട്ട്‌ നിവാസികളും ഒരുപോലെ  പറഞ്ഞതും  അതുതന്നെ,പുതുമഴ തന്ന കുളിരും
ഫോർട്ട്‌ കൊച്ചിയിൽ
,പുതുമണ്ണിന്റെ മാദഗ ഗന്ധവും  ,നെറ്റിയിൽ  നിന്ന് ഊർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ പോൽ നിർമലം ആ അനുഭവം ,അസ്തമയ സൂര്യ ശോഭയാൽ സിന്ദൂരമിട്ട ഫോർട്ട്‌ കൊച്ചിയെന്ന ആ സുന്ദരിയെ ആപാദചൂഢം  അനുഭവിക്കാൻ പ്രതൃതി  പോലും മറയൊരുക്കിത്തന്ന ആ വൈകുന്നേരം ,ഇവിടെ ഈ പുഴയോരത്ത് ഇങ്ങനെയിരിക്കുമ്പോൾ മൂക്കിലേക്ക് അടിച്ചു കയറുന്നു ആ മണ്ണിന്റെ  മണം,മേനി കുളിര് കൊള്ളിക്കുന്നു ആ പുതുമഴത്തുള്ളികൾ ,അങ്ങനെ ഒരുപാട്  ഓർമ്മകൾ സാമ്മനിച്ച് ആ നല്ല നാളുകൾ ,എല്ലാത്തിനും പുറമേ എറണാകുളത്ത്  അത് പള്ളി പെരുന്നാളുകളുടെ  കാലവും ,രാവുകൾ ആഘോഷസാന്ദ്രമാവാൻ വേറെയെന്തു  വേണം അതിൽ കൂടുത്തൽ  ?.
            

നല്ല അനുഭവങ്ങളോടെ  തുടങ്ങിയ 2014,അതിന്റെ അവസാന നാളുകളിലും  ഒരുമിച്ചു കൂടലിന്റെ സൌന്ദര്യം ആവോളം ആസ്വദിക്കാൻ , അനുഭവിക്കാൻ അവസരം തന്നു ഇത്തവണ വേദി പ്രോജക്റ്റ് വർക്ക് ,ഹൈഡ്രോളിക്സ് ലാബിന്റെ കിഴക്കേ മൂലയിൽ ഒരു  കംപ്രസ്സറിന് മേലെ പണിതതും പോരാഞ്ഞ്‌  അല്ലറ ചില്ലറ പാർട്സുകൾ വാങ്ങാൻ കോയമ്പത്തൂരിലേക്ക്  വണ്ടി കയറി ,ചെലെവ് ചുരുക്കലിന്റെ ഭാഗമായി ഇത്തവണ ഞങ്ങൾ നാലു പേർ .,ഞങ്ങൾക്കാണെങ്കിൽ  കോയമ്പത്തൂർ സിറ്റിയുടെ അനാട്ടമി പച്ചവെള്ളം പോലെ അറിയാവുന്നതിനാൽ  വെയിൽ കൊണ്ട് അലയേണ്ടി
കുന്നിൻ മുകളിലെ  പുതുവർഷ രാത്രി
വന്നതേയില്ല ,ഞങ്ങൾ നാൽവർ സംഘം ഇരുവർ സംഘങ്ങളായി കൊയമ്പത്തൂരിന്റെ തെക്കോട്ടും വടക്കോട്ടും ജാംബവാന്റെ കാലത്തുള്ള ഒരു സാധനവും  അന്വഷിച്ച് നടന്നു  നേരം മോന്തിയായതോടെ  വീടിലേക്കുള്ള വഴി ഏകദേശം അടഞ്ഞ മട്ടായി , ഏതായാലും എത്തണ  വരെ എത്തട്ടെ ഭൂമി  ഉരുണ്ടാതാണെന്ന  പഴയ ശൈലിയിൽ ഷൊർണൂരിലേക്കു വണ്ടികയറി ,വീണ്ടും നാൽവർ സംഘം ഇരുവർ  സംഘമായി ,രണ്ടു പേർ  ഷൊർണൂരിൽ നിന്ന് ആനവണ്ടി മാർഗം വീടിലേക്കുള്ള വഴി കണ്ടെത്തിയപ്പോൾ എൻറെയും മിമോദിൻറെയും വിധി അന്നവിടം  രാപ്പാർക്കാൻ!,ഷോർണൂർ റയിൽവെ സ്റ്റെഷനിൽ അമ്പിളിച്ചിരിയിൽ പ്രകാശിച്ചു നിൽക്കുന്ന ആകാശത്ത് കണ്ണുചിമ്മിത്തുറക്കുന്ന നക്ഷത്രങ്ങളെണ്ണിയിരിക്കാൻ  വിധിക്കപ്പെട്ട ,മകരമഞ്ഞ് തണുപ്പിച്ച ഞങ്ങളെ പിന്നെയും പിന്നെയും  ക്രൂരമായി തലോടി കൊണ്ടിരുന്ന കാറ്റിനറിയില്ലല്ലോ  ഞങ്ങൾ തച്ചോളി ഒതേനന്റെ പിന്മുരക്കാരണെന്ന് .വേറെ മാർഗമൊന്നുമുണ്ടായിരുന്നില്ല തണുപ്പ് സഹിച്ച്  നേരം വെളുപ്പിക്കുകയല്ലാതെ ,തെക്കോട്ടും വടക്കോട്ടും പോകുന്ന വണ്ടികളിലെ
കുന്നിൻ മുകളിലെ  പുതുവർഷ രാത്രി
യാത്രികർക്കെല്ലാം ശുഭ രാത്രിയും നേർന്നു പ്ലാറ്റ്ഫോമിലൂടെ  ഉലാത്തുന്നതിനിടയിൽ വൃദ്ധ  ദമ്പതികൾക്ക് ഒരു കൈ സഹായം നൽകാൻ സധിച്ചുവെന്നത് 2014 ന്റെയും, ആ രാവിന്റെയും സുകൃതം .അതിനിടയിൽ ഇന്ത്യൻ റയിൽവേ ആചാരമായി അനുഷ്ടിക്കുന്ന റയിൽ ബോഗിയിൽ എൻജിൻ ഘടിപ്പിക്കുന്ന ചടങ്ങിനു കാർമികത്വം വഹിച്ചും ,പ്ലാറ്റ്ഫോമിൽ അലഞ്ഞു നടക്കുന്ന പട്ടികളെ ഇന്ത്യൻ റയിൽവേക്ക് വേണ്ടി മഹാ ദൗത്യം നിർ വഹിക്കുകയാണെന്ന ചാരിതാര്‍ത്ഥ്യത്തോടെ   കല്ലെറിഞ്ഞോടിച്ചും  നേരം വെളുപ്പിച്ച ആ രാവ് തന്ന അനുഭൂതിയും പോയ വർഷത്തെ നല്ല ഓർമ്മകൾ

കുന്നിൻ മുകളിലെ  പുതുവർഷ രാത്രി
ഒടുവിൽ 2014 അവസാനിക്കാൻ നിമിഷങ്ങൾ  മാത്രമവശേഷിക്കെ മേലെയാകാശവും ചുറ്റും കാടും  മാഅദിൻ  പോളിയും പിന്നെ ഞങ്ങളും മാത്രമുള്ള ഈ കുന്നിൻ  മുകളിൽ  വെച്ച് കൈ കോർത്ത്‌ പിടിച്ചു കൂട്ട ത്തോടെ   പ്രിയപ്പെട്ട 2014 നിനക്ക് യാത്രാമൊഴി ചൊല്ലുമ്പോൾ തൊട്ടപ്പുറത്ത് എരിയുന്ന കനലിനു മീതെ കിടന്ന്  മൊരിയുന്ന കോഴി പോലും ആഗ്രഹിച്ചിട്ടുണ്ടാവും ഒരു നിമിഷത്തേക്കെങ്കിലും  ജീവൻ തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന് ,ഒന്നുറക്കെ നിനക്ക് യാത്രാമൊഴി ചൊല്ലാൻ സാധിച്ചിരുന്നെങ്കിലെന്ന് !....




 
ഒന്നുമില്ല ...
എന്റെ തോന്നലുകൾ ,വിചാരവികാരങ്ങൾ ,ചിന്തകൾ ,അഭിപ്രായങ്ങൾ ...
എല്ലാം തോന്ന്യാക്ഷരങ്ങളായി ഇവിടെ കുറിച്ചു വെക്കാമെന്ന തോന്നൽ ..
അങ്ങനെ കുറിച്ചു വെക്കാൻ മാത്രമുള്ള വെളിപാടുകളൊന്നും ഉണ്ടാവാറില്ലെങ്കിലും ഒരു തോന്നൽ ഞമ്മക്കെന്താ ബ്ലോഗ്ഗിക്കൂടേന്ന് ..ആ തോന്നലാണ് പറമ്പനിസം ..ആന്നേ ..അതിൽകൂടുതൽ ഒന്നുമല്ല  പറമ്പനിസം ..
ഞാൻ ബ്ലോഗെഴുത്ത് ശ്രദ്ധിച്ചു തുടങ്ങിയ കാലത്തെ ബൂലോകത്തിലെ മമ്മൂട്ടിയും മോഹൻലാലുമായിരുന്ന ബഷീർ വള്ളിക്കുന്നിനെയും ,ബെർലിച്ചായനെയും  മനസ്സിൽ നമിച്ച് പറമ്പനിസം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു (വെറുതെ ഒരു ഗുമ്മിനു )..നന്ദി ..നമസ്കാരം ......